02:53pm 11 September 2026
NEWS
ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരേ ഡ്രോൺ ആക്രമണം
04/03/2026  06:47 AM IST
nila
ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരേ ഡ്രോൺ ആക്രമണം

ദുബായ്: ദുബായിലെ യുഎസ് കോൺസുലേറ്റിന് നേരേ ഡ്രോൺ ആക്രമണം. കോൺസുലേറ്റിലെ എല്ലാ അമേരിക്കൻ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു ഡ്രോൺ ആക്രമണം നടന്നത്.

ഡ്രോൺ പതിച്ചതിനെ തുടർന്ന് യുഎസ് നയതന്ത്ര കാര്യാലയത്തിന് സമീപം തീപിടുത്തമുണ്ടായെങ്കിലും അത് പൂർണമായി നിയന്ത്രിച്ചതായി ദുബായ് മീഡിയ ഓഫീസ് എക്‌സിൽ വ്യക്തമാക്കി. “യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചതിനെ തുടർന്ന് ഉണ്ടായ തീ വിജയകരമായി അണച്ചതായി ദുബായ് അധികൃതർ സ്ഥിരീകരിച്ചു” എന്നായിരുന്നു കുറിപ്പ്.

വലിയ സ്‌ഫോടനശബ്ദം കേട്ടതായും പിന്നാലെ കോൺസുലേറ്റിന് സമീപം തീജ്വാലകൾ കണ്ടതായും പ്രദേശവാസികൾ എഎഫ്പിയോട് പറഞ്ഞു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സിവിൽ വേഷത്തിലെത്തിയ പൊലീസ് ആളുകളെ സ്ഥലത്ത് നിന്ന് മാറ്റുകയും പ്രദേശത്ത് സുരക്ഷാവലയം തീർക്കുകയും ചെയ്തു.

അടിയന്തര രക്ഷാസംഘങ്ങൾ ഉടൻ സ്ഥലത്തെത്തിയതായും സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ഇല്ലെന്നും അധികൃതർ അറിയിച്ചു. ഇറാനെതിരായ യുഎസ്–ഇസ്രായേൽ ആക്രമണങ്ങളും തുടർന്നുള്ള പ്രത്യാക്രമണങ്ങളും രൂക്ഷമായ പശ്ചാത്തലത്തിൽ, ശനിയാഴ്ച മുതൽ ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് നഗരങ്ങൾ ആക്രമണ ഭീഷണിയിലാണെന്നാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img